Mukkam

മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി

മുക്കം: മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി. വിദ്യാലയങ്ങളിൽ അവധിക്കാല ക്യാംപുകളോടനുബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. വെള്ളച്ചാട്ടങ്ങളിലും പുഴകളിലുമുണ്ടാകുന്ന അപകടങ്ങളിൽ രക്ഷ നേടുന്നതിനുള്ള പരിശീലനമാണ് മുഖ്യമായും നൽകിയത്. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ ഉപയോഗിക്കുന്നതിലും പരിശീലനം നൽകി. 

ഹൃദയ ശ്വാസകോശ പുനരുജ്ജീവനം നടത്തുന്ന വിധവും പരിശീലിപ്പിച്ചു. പാചകവാതക സിലിണ്ടറിലെ വാതകച്ചോർച്ച തടയുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചു. കിണറുകളിൽ വീണാൽ രക്ഷപ്പെടുത്താനുള്ള ചെയർനോട്ട്, സ്വയം രക്ഷയ്ക്കായുള്ള ബോ ലൈൻ എന്നിവയിലും വിദ്യാർഥികൾക്ക് പരിശീലനം നൽകി. നഗരസഭയിലെ നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, മുക്കം ഓർഫനേജ് കോളജ്, കെഎംസിടി പോളിടെക്നിക്, പുതുപ്പാടി ലിറ്റിൽ ഫ്ലവർ കോളജ്, കരുവൻപൊയിൽ ഗവ. സ്കൂൾ, താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ, മുക്കം ഐടിഐ, ഐഎച്ച്ആർഡി കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലനം നൽകി. 

മലയോര മേഖലയിലെ 8 പഞ്ചായത്തുകളും മുക്കം നഗരസഭയും മുക്കം അഗ്നിരക്ഷാ സേനയുടെ പരിധിയിലാണ്. അസി.സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടുകയിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പി.നിവിൻ ദാസ്, ഐ.പി.ഷറഫുദ്ദീൻ, പി.പി.ടി.എസ്.അബ്ദുൽ ഷമീം, ടി.എസ്.ഷിബി എന്നിവർ അംഗങ്ങളാണ്.

Related Articles

Leave a Reply

Back to top button