Mukkam

വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് മുസിരിസ് പൈതൃക പഠനയാത്ര

മുക്കം : വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് വിനോദസഞ്ചാര വകുപ്പിന്റെ മുസിരിസ് പൈതൃക പഠനയാത്ര. കേരളചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച കൊടുങ്ങല്ലൂർ പ്രദേശം നേരിൽക്കണ്ട് പഠിക്കുന്ന മുസിരിസ് പൈതൃക പഠനപരിപാടിക്ക് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

ഹൈസ്കൂൾ വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന് കീഴിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ സൗജന്യ വിദ്യാർഥികളുടെ പൈതൃകനടത്തം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിലെ 44 കുട്ടികളും അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.

കോട്ടപ്പുറം കോട്ട, പാലിയത്ത് കൊട്ടാരം, പറവൂർ സിനഗോഗ്, മുനമ്പം തുറമുഖം, ചേരമാൻ മസ്ജിദ്, പാലിയം നാലുകെട്ട്, സഹോദരൻ അയ്യപ്പൻ സ്മാരകം തുടങ്ങിയ ചരിത്രസ്മാരകങ്ങൾ വിദ്യാർഥികൾ സന്ദർശിച്ചു.

കേരളത്തിന്റെ സാംസ്കാരികതനിമ അറിയിക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറി. പെരിയാർനദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ഈ ചരിത്രസ്മാരകങ്ങൾ കാണാൻ ടൂറിസംവകുപ്പ് ബോട്ട് സർവീസ് ഏർപ്പെടുത്തിയിരുന്നു.

സ്റ്റുഡൻറ്‌്‌സ്‌ ഹെറിറ്റേജ് വോക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാർ അധ്യക്ഷനായി. സിയാൽ ഡയറക്ടർ സുഹാസ്, മുസിരിസ് ഡയറക്ടർ പി.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഡോ. മിഥുൻ സി. ശേഖർ, സബിത പ്രിയേഷ്, അഖിൽ എസ്. ഭദ്രൻ, ശരത് ജയൻ, പി.എം. സീതു തുടങ്ങിയവർ കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സിവിൽ പോലീസ് ഓഫീസർ സി. ഉജേഷ്, അധ്യാപകരായ വി.കെ. ജയരാജ്, ബി. ഷറീന, എം.സി. സുഭ്ഹാൻ ബാബു, വി. ബബിഷ, ഇ.കെ. അബ്ദുൾസലാം തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button