Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി: കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ പുന്നക്കൽ വഴിക്കടവ് പാലം പുനർനിർമ്മിക്കാൻ ഭരണാനുമതി. നബാർഡ് ആർ. ഐ. ഡി. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് എന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. പാലം പുനർനിർമ്മിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
പുന്നക്കൽ – തിരുവമ്പാടി റോഡ് നിർമ്മാണം പൂർത്തിയായിട്ടും അപകടത്തിലായ പാലത്തിൻറെ നിർമ്മാണം ആരംഭിക്കാത്തതിൽ നിരവധി തവണ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ കാലത്ത് ഈ പാലത്തിനായി രണ്ടുകോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും നിർമ്മാണം നടന്നില്ല.
ടെൻഡർ നടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ പാലത്തിൻറെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.