Kerala

ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും; പ്രതിഷേധം ശക്തിപ്പെടുത്താന്‍ തീരുമാനം

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ശബ്ദം ഉയര്‍ത്തി ജനശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നതോടെ പൗരത്വ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെടും എന്നാണ് പ്രതീക്ഷ. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി.

ഡല്‍യില്‍ പ്രതിഷേധ പരിപാടിയ്ക്കിടെ ആസാദിനെ ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയും പ്രതിഷേധം തുടരുകയും ചെയ്തിരുന്നു. ആസാദ് പ്രതിഷേധിച്ച ജമാ മസ്ജിദ് പാകിസ്ഥാനിലാണോ എന്നും വളര്‍ന്നു വരുന്ന നേതാവായ ആസാദിന് എല്ലാ പൗരന്മാരേയും പോലെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.

തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം, സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നും ആസാദ് പറഞ്ഞിരുന്നു. ഫെബ്രുവരി 16-ന് മുമ്പായി ആസാദ് ഡല്‍ഹി എയിംസില്‍ ചികിത്സയ്‌ക്കെത്തുമെന്നാണ് സൂചന. പൗരത്വ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് നിലപാടിലാണ് ചന്ദ്രശേഖര്‍ ആസാദ്.

Related Articles

Leave a Reply

Back to top button