മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരു സ്ത്രീ കൂടി അറസ്റ്റിൽ

മുക്കം : ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ നെല്ലിക്കാപറമ്പ് മാട്ടുമുറിയിലെ ഷൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വച്ച് ഷൈനി തട്ടിയെടുത്തതായാണ് പരാതി. പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി റിമാൻഡിൽ കഴിയുന്ന മാട്ടുമുറി സ്വദേശി സന്തോഷ് കുമാറിന്റെ ഭാര്യയാണ് പിടിയിലായ ഷൈനി. ഇതേ കേസിൽ സന്തോഷ് കുമാറിനൊപ്പം അറസ്റ്റിലായ ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മലും റിമാൻഡിലാണ്.
വിഷ്ണുവിനെയും സന്തോഷ് കുമാറിനെയും കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ തട്ടിപ്പ് കേസിലും പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മുക്കം ശാഖയിലെ തട്ടിപ്പു കേസിലും പ്രതി ചേർത്തിട്ടുണ്ട്. ആ കേസുകളിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്ന് ഇൻസ്പെക്ടർ കെ.പ്രജീഷ് പറഞ്ഞു. കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ബാങ്കുകളിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്ന നിലപാടിലാണ് പൊലീസ്.
കൊടിയത്തൂർ ബാങ്കിലെ മുക്കുപണ്ടം തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെതിരെയും കേസെടുത്തിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. കൊടിയത്തൂരിലെയും മുക്കത്തെയും ബാങ്കുകളിൽ നിന്നായി 4 പേരും കൂടി 32 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.







