Kodanchery

വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടിലേക്ക് പതിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

കോടഞ്ചേരി: വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടിലേക്ക് പതിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിമുക്ത ഭടന്‍ ഹരിഹരന്‍(51), ഭാര്യ സിന്ധു(45), മകള്‍ മാനസി(17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടത്തായി കോടഞ്ചേരി റോഡില്‍ ദുര്‍ഗ്ഗാ നഗറില്‍ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. തുഷാരഗിരിയില്‍ നിന്നും മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിലെ ഓവുപാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു.

സംക്ഷണ ഭിത്തി രണ്ടായി മുറിഞ്ഞ് ഒരു ഭാഗം കാറിനൊപ്പം തോട്ടിലേക്ക് പതിച്ചു. പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ഏറെ പാടുപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ സംരക്ഷണ ഭിത്തി കമ്പി ഉപയോഗിക്കാതെയാണ് നിര്‍മിച്ചതെന്നും ഇത് നിര്‍മാണ ഘട്ടത്തില്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button