Mukkam

വെള്ളപ്പൊക്കം; വിലക്ക് ലംഘിച്ച് നീന്തി കളിച്ചാൽ നടപടിയെന്ന് പൊലീസ്

മുക്കം: ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതരുടെ വിലക്കു ലംഘിച്ചു ജലാശയങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുക്കം ഇൻസ്പെക്ടർ കെ.പ്രജീഷ്. കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകി വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും വെള്ളപ്പൊക്കത്തിൽ കളി തുടരുകയാണ് മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും. ഇതു ദുരന്തങ്ങൾക്കു കാരണമാക്കാം.

ജലവിതാനം ഉയർന്ന സ്ഥലങ്ങളിൽ കുട്ടികൾ നീന്തി കളിക്കുന്നതും ഒഴുകിയെത്തുന്ന നാളികേരവും മരത്തടികളും നീന്തി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകുന്നത്.

പതങ്കയത്തെ വെള്ളച്ചാട്ടത്തിൽ കാണാതായ മലയമ്മ സ്വദേശിയെ ദിവസങ്ങൾ പിന്നിട്ടും കണ്ടെത്താനായില്ല. കൂടരഞ്ഞി സാമ്പ്രി തോട്ടിൽ മല വെള്ളപ്പാച്ചിലിൽ പെട്ട് ബൈക്ക് യാത്രക്കാരൻ വെണ്ണായിപ്പള്ളി ജോസഫ് മരിച്ചതും രണ്ടു ദിവസം മുമ്പു മാത്രമാണ്. മലയോര മേഖലകളിൽ ജലാശയ മരണങ്ങളും അപകടങ്ങളും വർധിച്ചിട്ടും ഇതെല്ലാം അവഗണിച്ച് വെള്ളപ്പൊക്കത്തിൽ നീന്തി കളിക്കുന്നത് തുടരുകയാണ്.

Related Articles

Leave a Reply

Back to top button