30 കിലോഗ്രാം സ്വർണാഭരണങ്ങളുമായി സഹോദരങ്ങൾ ട്രെയിനിൽ പിടിയിൽ

കോഴിക്കോട്∙ മുംബൈയിൽ നിന്നു ട്രെയിനിൽ കടത്തിയ 30 കിലോഗ്രാം സ്വർണാഭരണങ്ങളുമായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെ ആർപിഎഫ് പിടികൂടി. ജഗ് റാം (19), വാസ്ന റാം (25) എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥരായ വി.പി.മഹേഷ്കുമാറും സി.അബ്ബാസും ഇന്നലെ പുലർച്ചെ 2ന് മംഗള എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് 13.5 കോടി രൂപ വിലവരുന്ന സ്വർണവുമായി ഇരുവരെയും പിടികൂടിയത്. തൃശൂരിലെ മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവരികയായിരുന്നു സ്വർണം. ബില്ലുകൾ ഹാജരാക്കിയെങ്കിലും ജിഎസ്ടി വകുപ്പിന്റെ പരിശോധനയിൽ നികുതിവെട്ടിപ്പ് കണ്ടെത്തി.
തുടർന്ന് 78.18 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം സ്വർണം വിട്ടുകൊടുത്തു.കോഴിക്കോട് ഡപ്യൂട്ടി ജിഎസ്ടി കമ്മിഷണർ എം.ദിനേശ് കുമാർ, ഇന്റലിജൻസ് സ്ക്വാഡ് അസി. കമ്മിഷണർ ടി.വി.പ്രമോദ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ കെ.എസ്.സിജീഷ്, കെ.എസ്.സുഹൈൽ, രഞ്ജൻ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.







