ഒന്നാം തീയതി ഡ്രൈ ഡേ തന്നെ; ബാറുകൾ തുറക്കില്ല; തീരദേശത്ത് കാസിനോകളും ഉണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ഏറെ ചർച്ചകൾക്ക് വഴി വെച്ച ഒന്നാം തിയതി ബാർ തുറക്കാൻ സർക്കാർ തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഒന്നാം തീയതി ബാറുകൾ തുറക്കില്ലെന്നും ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നും നിയമസഭയിലാണ് മന്ത്രി വ്യക്തമാക്കിയത്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുളള യൂണിറ്റുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിന്റെ തീരപ്രദേശത്ത് കാസിനോകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടപ്പോൾ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാൾ കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേരളത്തിൽ കൂടുതൽ ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാനാണ് ശ്രമിക്കുക. നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
മാർച്ചിൽ പുതിയ മദ്യ നയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെ ഡ്രൈ ഡേ വിഷയത്തിൽ തീരുമാനമെടുക്കൂ എന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി പറഞ്ഞിരുന്നു. 17 വർഷങ്ങൾക്ക് മുമ്പാണ്, ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകൾ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന് വിലയിരുത്തി എകെ ആന്റണി സർക്കാർ ഡ്രൈ ഡേ തീരുമാനം കൈകൊണ്ടത്.







