നോളജ് സിറ്റിയിൽ പ്രവാസി സംഗമം രണ്ടാം ഘട്ടം നാളെ

കോടഞ്ചേരി : മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായ എൻ ആർ ഐ പ്രവാസി സംഗമങ്ങളുടെ രണ്ടാം ഘട്ടം നാളെ ശനിയാഴ്ച നടക്കും. ഒമാൻ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രവാസികളാണ് നാളെ മർകസ് നോളജ് സിറ്റിയിൽ ഒത്തു കൂടുക. ആദ്യ ഘട്ടത്തിൽ സഊദി അറേബ്യയിൽ നിന്നുള്ളവരുടെ സംഗമം നടന്നിരുന്നു.
സംഗമത്തിൽ ഏറെ കാലത്തെ പ്രവാസാനുഭവമുള്ള മലയാളി പ്രവാസികളുടെ കഴിവും വൈദഗ്‌ധ്യവും മികച്ച ആശയങ്ങളുമെല്ലാം കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സംഗമം പരിഹാരം തേടും. ഇത്തരം സംഗമങ്ങൾ കേരളത്തിനും പ്രവാസികൾക്കും പുത്തനുണർവ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംഗമത്തിന്റെ ഉദ്‌ഘാടനം ലക്ഷദ്വീപ് എം പി ഫൈസൽ നിർവഹിക്കും. ഡോ. അബ്ദുൽ ഹകിം അസ്ഹരി, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് മുസ്‌ലിയാർ കട്ടിപ്പാറ, ചുള്ളിക്കോട് ഹുസ്സൈൻ സഖാഫി, ഉസ്മാൻ സഖാഫി തിരുവത്ര തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് +91 98463 11166 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്.






