Entertainment

ഇഷ്ടമല്ലെങ്കില്‍ സിനിമ കാണാതിരിക്കുക, അല്ലാതെ ആ സിനിമ ചെയ്യരുതെന്ന് നടനോട് പറയാന്‍ നിങ്ങളാരാണ്? പാര്‍വ്വതി അടക്കമുള്ള നടിമാരോട് വിദ്യ ബാലന്‍

വിജയ് ദേവര്‌കൊണ്ട ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള നടിമാര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യ ബാലന്‍ രംഗത്ത്. നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണെന്നും വിദ്യ ബാലന്‍ ചോദിച്ചു.

മുംബൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കബീര്‍ സിങ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു.

ചിലപ്പോള്‍ എന്റെ ധാരണക്ക് യോജിച്ച് പോകാത്ത സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് പക്വത വന്നു. മുമ്പ് എല്ലാം കറുപ്പ്, വെളുപ്പ് എന്ന നിലയിലായിരുന്നു കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. മുമ്പായിരുന്നെങ്കില്‍ കബീര്‍ സിങ് സിനിമയെ ഞാനും വിമര്‍ശിച്ചേനെയെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ എനിക്കത് കബീര്‍ സിങിന്റെ കഥ പറയുന്ന സിനിമ മാത്രമാണെന്ന് വ്യക്തമാക്കിയ വിദ്യ ബാലന്‍ തന്റെ വിശ്വാസങ്ങളോട് നീതി പുലര്‍ത്താത്ത സിനിമകള്‍ തെരഞ്ഞെടുക്കാതിരിക്കണമെന്നും പറഞ്ഞു. കബീര്‍ സിങ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണെന്നും വിദ്യ ചോദിച്ചു.

നടിമാരായ പാര്‍വതി തിരുവോത്ത്, തപ്‌സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവരാണ് കബീര്‍ സിങിനെയും ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്.

ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിങിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്നാരോപിച്ചായിരുന്നു ഇവര്‍ ചിത്രത്തെ എതിര്‍ത്തത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ചിത്രത്തിനും ഷാഹിദ് കപൂറിനും വിദ്യ ബാലന്‍ പിന്തുണയറിയിച്ചത്.

Related Articles

Leave a Reply

Back to top button