കോടഞ്ചേരിയിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭായോഗം ചേർന്നു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ കെ ജോയ് പദ്ധതി വിശദീകരണം നടത്തി.
യോഗത്തിൽ ഭിന്നശേഷി കലോൽസവം, ഭിന്നശേഷി വിനോദയാത്ര എന്നിവ നടത്തുന്നതിന് ഗ്രാമപഞായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചെയർമാനായും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ കെ ജോയ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ബഡ്സ് സ്കൂൾ റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിനും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ സംരഭം ആരംഭിക്കുന്നതിനും ഫണ്ട് വകയിരുത്തുന്നതിന് മുൻഗണന നൽകുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 135 പേർ ഭിന്നശേഷി ഗ്രാമ സഭയിൽ പങ്കെടുത്ത് പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.







