പള്ളിപ്പടി-പൊന്നാങ്കയം മുരിങ്ങയിൽപ്പടി പാലം ഉദ്ഘാടനം നിർവഹിച്ചു

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി, പൊന്നാങ്കയം പ്രാദേശങ്ങളെ ബന്ധിപ്പിക്കുന്ന മുരിങ്ങയിൽപ്പടി പാലം ഇന്ന് മുതൽ ഗതാഗതസജ്ജമായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് 2020-’21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവിലാണ് ഇവിടെ പാലം പുനർനിർമിച്ചത്. പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ പൊന്നാങ്കയം നിവാസികൾക്ക് പള്ളിപ്പടിയിലേക്കും സ്കൂളിലേക്കും തിരുവമ്പാടി അങ്ങാടിയിലേക്കും എത്തിപ്പെടാനുള്ള മാർഗ്ഗം സുഗമമാകും.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ വി റീനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്‍ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ചന്ദ്രൻ സി, ഷീജ ശശി, പി സുരേന്ദ്രൻ, എൻ എം വിമല, അന്നമ്മ മാത്യു, ഷൈനി ബെന്നി, സി എൻ പുരുഷോത്തമൻ, ടി ജെ കുര്യാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.







