Kodanchery

നിർമാണം പൂർത്തിയായ വിശ്രമകേന്ദ്രത്തിന് വീണ്ടും ടെൻഡർ; അസാധാരണ നടപടി

കോടഞ്ചേരി: നിർമാണം പൂർത്തിയാക്കി ഒരുവർഷം മുൻപ് ഉദ്ഘാടനം ചെയ്ത വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രവൃത്തിക്ക്‌ വീണ്ടും ടെൻഡർ. കോടഞ്ചേരി ബസ്‌ സ്റ്റാൻഡിനോട് ചേർന്നുള്ള ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രത്തിനാണ് ഫിനിഷിങ്‌ വർക്ക് എന്ന പേരിൽ 7,20,158 രൂപയുടെ ടെൻഡർ ക്ഷണിച്ചത്. മുൻ എസ്റ്റിമേറ്റ് തുക അപര്യാപ്തമാണെന്ന് കണ്ടതിനെത്തുടർന്നാണ് കരാറുകാരന്റെ നഷ്ടം ഒഴിവാക്കാനുള്ള ഈ അസാധാരണനടപടി.

വിശ്രമകേന്ദ്രം നിർമിച്ച കരാറുകാരന് ചെലവായ മുഴുവൻ തുകയും ആദ്യ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താനായില്ലെന്നും ഇതിനായി പുതിയ പ്രോജക്ട് ഉണ്ടാക്കുകയായിരുന്നുവെന്നും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. മുൻ എസ്റ്റിമേറ്റിലെ പോരായ്മകളാണ് ഇത്തരമൊരു സാഹചര്യത്തിന് വഴിവെച്ചതെന്നും ടെൻഡർ റദ്ദാക്കാൻ നിർദേശം നൽകിയെന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു. പുതിയ പ്രോജക്ട് ഉണ്ടാക്കുകയല്ല, എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഇക്കാര്യത്തിൽ എൻനിയറിങ് വിഭാഗത്തിന് പിഴവുണ്ടായെന്നും പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ നടപടിയിൽ ദുരൂഹതയുണ്ടെന്നും വിശ്രമകേന്ദ്രം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ടെൻഡർ നടപടികളും പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് മുറമ്പാത്തി ചുണ്ടക്കാട്ടിൽ ഏലിയാസ് മത്തായി ചീഫ് ടൗൺ പ്ലാനർ വിജിലൻസ് വിഭാഗത്തിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി.

Related Articles

Leave a Reply

Back to top button