ലിസ പാലിയേറ്റീവ് യൂണിറ്റിന് കൈത്താങ്ങുമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ

തിരുവമ്പാടി: സാന്ത്വന പരിചരണ രംഗത്ത് 23 വർഷമായി സ്തുത്യർഹ സേവനം ചെയ്യുന്ന ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജീവകാരുണ്യ നിധി കൈമാറി. വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയറിനെക്കുറിച്ച് ബോധവത്ക്കരണം നൽകുകയും അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ലിസ പാലിയേറ്റീവ് ഭാരവാഹികൾ കാരുണ്യ നിധി ഏറ്റുവാങ്ങി. അദ്ധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്റ്റ് സിസ്റ്റർ സാങ്റ്റ മരിയ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ലിസ പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.സി മാത്യു, സെക്രട്ടറി കെ.സി ജോസഫ്, കെ.ജെ ജെയിംസ്, സ്‌റ്റാഫ് സെക്രട്ടറി പി.വി ജിനു, സിസ്റ്റർ ജെസ്ന മരിയ തുടങ്ങിയവർ സംസാരിച്ചു.






