വനിതാദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി സ്ത്രീശാക്തികരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കോടഞ്ചേരി: വനിതാദിനത്തോടനുബന്ധിച്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി സ്ത്രീശാക്തികരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വട്ടച്ചിറ ആദിവാസി കോളനിയിലെ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാസ് സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മെഹറൂഫ് എം.കെ മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ സംബന്ധിച്ച് ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ സംബന്ധിച്ച് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ റഹീം എന്നിവർ ക്ലാസുകൾ നൽകി. പട്ടികവർഗ്ഗ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പിൽ വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ എത്തിച്ചേർന്ന രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി.







