നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും; മന്ത്രി കെ രാജൻ

കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതർക്കെല്ലാം കൂടുതൽ വേഗത്തിൽ റവന്യൂ നടപടികൾ പൂർത്തിയാക്കി ഭൂമി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്മാർട്ട് റവന്യൂ ഓഫീസുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലിന്റോ ജോസഫ് എം.എൽ.എ, ജില്ലാ കലക്ടർ എ ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, കാത്തിരിപ്പു മുറി, സ്റ്റോറേജ് റൂം, ശൗചാലയം എന്നിവ അടങ്ങിയതാണ് ഓഫീസ് കെട്ടിടം. അണ്ടർഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.







