Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹരിതസഭ ചേർന്ന് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഹരിതസഭ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് കുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട് ഹരിത കർമ്മസേന അംഗം ഷൈനു അവതരിപ്പിച്ചു. 250ഓളം പേർ പങ്കെടുത്ത ഹരിതസഭ പ്രതിനിധികൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി.

മാലിന്യ സംസ്ക്കരണ പ്രവർത്തനം സ്ഥായിയാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ രൂപപ്പെട്ടു. വിദഗ്ധരുടെ പാനൽ ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങളോട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം പ്രതികരണം നടത്തി.
ഹരിത സഭ അംഗങ്ങൾ പഞ്ചായത്തിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്ദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ,
സോമനാഥൻ, മാത്യു വാര്യനി, ഷാജി കടമ്പനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. കൂടരഞ്ഞി, കൂമ്പാറ, പൂവാൻതോട്, പെരുമ്പുള, കുളിരാമുട്ടി , പീടികപ്പാറ, കക്കാടംപൊയിൽ, കോലോത്തുംകടവ് അങ്ങാടികൾ മാലിന്യ രഹിത പൊതു ഇടങ്ങളായുള്ള പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

Related Articles

Leave a Reply

Back to top button