ജനപ്രധിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസുമായി കൂടി കാഴ്ച നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ നിവാസികളുടെ അവശ്യ പദ്ധതികളായ മണാശ്ശേരി തെയ്യത്തുങ്കടവ് ചുള്ളിക്കാപറമ്പ് കാവലിട റോഡ്, തെയ്യത്തുംകടവ് പാലത്തിന്റെ അനുബന്ധ റോഡ് എന്നിവയുടെ അടിയന്തര പരിഹാരം തേടിയും കൂളിമാട് മുതൽ ചുള്ളിക്കാപറമ്പ് ജംഗ്ഷൻ വരെയുള്ള പൊതുമരാമത്ത് റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഡ്രൈനേജ്, പാത്ത് വേ എന്നിവയുടെ നിർമ്മാണം നടത്തണമെന്നുമുള്ള രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസുമായി കൂടി കാഴ്ച നടത്തി.
തെയ്യത്തുകടവ് മദ്രസ മുതൽ കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടി വരെയുള്ള റോഡ് നിർമ്മാണം നടത്തുവാൻ ആവശ്യമായ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കൽ, ചെറുവാടിയിൽ റോഡ് ഉയരം വർധിപ്പിച്ചെങ്കിലും പ്രളയ സമയത്തെ ബുദ്ധിമുട്ട് ഒഴിവാക്കുവാനുള്ള പദ്ധതി രൂപീകരണം എന്നിവയും കൂടിക്കാഴ്ച്ചയിൽ മറ്റ് പ്രധാന പ്രശ്നങ്ങളായി സംഘം അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ടി റിയാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി കെ അബൂബക്കർ, ഫസൽ കൊടിയത്തൂർ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.







