കോടഞ്ചേരിയിൽ ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച നടക്കും

കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ട്രോഫി സീസൺ മൂന്ന് നാളെ കോടഞ്ചേരിയിൽ ആരംഭിക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി.ടി.പി.സിയും കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിരന്നപാറ ഇരുൾ കുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിൽ 80 ഓളം എസ്.യു.വികൾ പങ്കെടുക്കും.
കേരളത്തിന് പുറമേ ഇന്ത്യയിലെ നാഷണൽ ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളും മത്സരത്തിന് എത്തും. ശനിയാഴ്ച (12-08-2023) രാവിലെ 9 മണിക്ക് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഫ്ലാഗ് ഓഫ് നിർവഹിക്കും. ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.