ചെറുവാടിയിൽ സ്കൂൾബസ് ചെളിയിലാണ്ട് വിദ്യാർഥികൾ റോഡിൽക്കുടുങ്ങി

കൊടിയത്തൂർ : ഏഴുകോടി രൂപ ചെലവിൽ നവീകരണംനടത്തുന്ന ചെറുവാടി-ചുള്ളിക്കാപ്പറമ്പ്-കവിലട റോഡിന്റെ ചെറുവാടി ഭാഗം ചെളിനിറഞ്ഞനിലയിലാണ്. അപകടപരമ്പര തുടർന്നിട്ടും യാത്രാദുരിതം പരിഹാരമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ വിദ്യാർഥികളെ കയറ്റിപ്പോകുകയായിരുന്ന കൊടിയത്തൂർ വാദി റഹ്മയുടെ സ്കൂൾബസ് ചെളിയിലാണ്ട് മണിക്കൂറുകളോളം വിദ്യാർഥികൾ റോഡിൽക്കുടുങ്ങി. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുകയും മറ്റൊരുവണ്ടിയെത്തിച്ച് സ്കൂളിലെത്തിക്കുകയുമായിരുന്നു.
ബസ് കുടുങ്ങിയതുകാരണം ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നവീകരണപ്രവൃത്തി സമയത്ത് തീർക്കാത്തതാണ് ദുരിതത്തിനുകാരണം. മഴയാരംഭിച്ചതോടെ റോഡ് ചെളിക്കുളമായി.
പടക്കംപാടം, ചെറുവാടി അങ്ങാടി എന്നിവിടങ്ങളിലാണ് വൻതോതിൽ ചെളിനിറഞ്ഞുകിടക്കുന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും തെന്നിപ്പോകുന്ന സ്ഥിതിയാണ്. വലിയവാഹനങ്ങൾ ചെളിയിൽത്താണ് മുന്നോട്ടും പിന്നോട്ടും നീങ്ങാതെ കുടുങ്ങുന്നു. വേനൽക്കാലത്ത് രൂക്ഷമായ പൊടിശല്യമായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയവരൊക്കെ റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരംകാണാൻ സമരങ്ങളും നടത്തിയിരുന്നു. ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേക്കുള്ള റോഡാണ് യാത്രയ്കുപറ്റാത്ത തരത്തിലായത്.







