Kerala

12 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞ് പോലീസ്; ജീപ്പ് ശരവേഗത്തില്‍ കുതിച്ചത് 28 കിലോമീറ്റര്‍, പുതുജീവന്‍

ചെറുപുഴ: 12 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് ജീപ്പ് ശരവേഗത്തില്‍ പാഞ്ഞത് 28 കിലോമീറ്റര്‍. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍ സ്വദേശി പുളിഞ്ചക്കാതടത്തില്‍ അനീഷിന്റെയും ജ്യോതിയുടെയും കുഞ്ഞിനാണ് പോലീസിന്റെ ഇടപെടലില്‍ പുതുജീവന്‍ ലഭ്യമായത്. അസുഖം മൂര്‍ച്ഛിച്ചതോടെ പാറോത്തുംനീരില്‍ നിന്നു പരിചയമുള്ള ഒരു ഓട്ടോറിക്ഷയിലാണ് കുഞ്ഞുമായി ദമ്പതികള്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് കുട്ടിയുടെ നില ഗുരുതരമാണെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. മികച്ച ചികിത്സ ലഭിക്കണമെങ്കില്‍ 28 കിലോമീറ്റര്‍ താണ്ടി പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തണം. എന്നാല്‍ ലോക്ക് ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയുള്ളതിനാല്‍ ഓട്ടോറിക്ഷയുമായി പയ്യന്നൂരില്‍ പോകാന്‍ ഡ്രൈവര്‍ ബുദ്ധിമുട്ടറിയിച്ചു. ഇതോടെ ആശങ്കയിലായ ദമ്പതികള്‍ക്ക് ആശ്വാസവുമായി പോലീസ് എത്തുകയായിരുന്നു.

ആംബുലന്‍സ് വിളിക്കാന്‍ കാത്തു നില്‍ക്കാതെ സീനിയര്‍ പോലീസ് ഓഫീസര്‍ സുധീര്‍കുമാറിനോടും ഡ്രൈവര്‍ കെ മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. പിന്നാലെ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെയും മാതാപിതാക്കളേയും പോലീസ് വണ്ടിയില്‍ കയറ്റി പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 20 മിനിറ്റ് കൊണ്ട് 28 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇവര്‍ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാല്‍ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button