COVID 19Kerala

അതിർത്തി കടന്ന് പച്ചക്കറികളെത്തും, വണ്ടികൾ അണുവിമുക്തമാക്കും, കേരള-തമിഴ്നാട് ധാരണ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധന ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് സർക്കാരുമായി കേരളം ധാരണയിലെത്തി. കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ തമിഴ്‌നാട് അടച്ചിട്ടിരുന്നു. ഇതേ തുടർന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്നാടും എത്തുന്നത്.

പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ ശേഖരിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അതിർത്തിയിൽ അണുവിമുക്തമാക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളും ഇതുപോലെ തന്നെ ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ഡെപ്യൂട്ടി സെക്രട്ടറിമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരാണ് ചർച്ച നടത്തിയത്. കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്ന അവശ്യ സേവനങ്ങൾക്കുളള വാഹനങ്ങൾ പരിശോധിക്കാൻ തഹസിൽദാർ, ജനപ്രതിനിധികൾ, എന്നിവരടങ്ങുന്ന സംഘത്തെ 7 ചെക്ക് പോസ്റ്റുകളിലും വിന്യസിക്കും. നേരത്തെ തമിഴ്‌നാട് അതിർത്തി അടച്ചിട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. വിലക്കയറ്റത്തിനും അവശ്യസാധന ക്ഷാമത്തിനും സാധ്യത മുന്നിൽ കണ്ടാണ് അന്തർസംസ്ഥാന ചർച്ച അതിവേഗത്തിൽ നടന്നത്.

Related Articles

Leave a Reply

Back to top button