COVID 19Kozhikode

സത്യവാങ്മൂലം ഓൺലൈനിലൂടെ ആദ്യദിവസം പ്രയോജനപ്പെടുത്തിയത് അറുന്നൂറിലേറെ പേർ

കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വരുന്നവർ സത്യവാങ്മൂലം ഓൺലൈൻ മുഖേന നൽകിത്തുടങ്ങി. ഇന്നലെ ആദ്യദിവസം ഇതിനായുള്ള വെബ് ആപ്ലിക്കേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയത് അറുന്നൂറിലധികം പേരാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘കോവിഡ് 19 ജാഗ്രത’ എന്ന പേരിലുള്ള വെബ് ആപ്പിലാണ് ഓൺലൈനായി സത്യവാങ്മൂലം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചുള്ള സമഗ്രവിവരം ലഭ്യമാകുന്ന തരത്തിലാണ് പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ ഒരു ‘ക്ഷേമപ്രവർത്തന ഡാഷ് ബോർഡ്’ കൂടി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലയിൽ ഈ കാലയളവിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഏകീകൃത സ്ഥിതിവിവരക്കണക്കുകൾ ഈ ഡാഷ് ബോർഡിലൂടെ ലഭ്യമാകും. ഏതെങ്കിലും ഒരു പ്രത്യേക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളുടെ വിവരങ്ങളാണ് അറിയേണ്ടതെങ്കിൽ അതിനുള്ള സൗകര്യവും ഡാഷ് ബോർഡിലുണ്ട്.
നിരീക്ഷണ ഡാഷ്‌ ബോർഡും അടുത്ത ദിവസങ്ങളിൽ സജീവമാകും. ഇതിലൂടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ നിരീക്ഷണത്തിന്റെ കൃത്യമായ ചിത്രം ജനങ്ങൾക്ക് ലഭ്യമാവും. അഭ്യർത്ഥന/ പരാതി സൗകര്യങ്ങളും ജനങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്റെ സവിശേഷതകളിലും പ്രകടനത്തിലും ഗുണപരമായ മെച്ചപ്പെടുത്തലുകൾ വരുംദിവസങ്ങളിലുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

https://kozhikode.nic.in/covid19jagratha എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷൻ സന്ദർശിക്കാം.

Related Articles

Leave a Reply

Back to top button