തിരുവമ്പാടി; പൊന്നാങ്കയത്ത് ബിജെപി വിതരണത്തിന് എത്തിച്ച 1000 കാവി മുണ്ടുകളും, 1300 നൈറ്റികളും പോലീസും ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാർഡും പിടിച്ചെടുത്തു
തിരുവമ്പാടി: പൊന്നാങ്കയത്ത് ബിജെപി പ്രവർത്തകർ ഇലക്ഷനോടനുബന്ധിച്ച് വിതരണത്തിന് എത്തിച്ച ആയിരത്തോളം കാവി മുണ്ടുകളും, 1300 നൈറ്റികളും തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, പോലീസും ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാർഡും ചേർന്ന് പിടിച്ചെടുത്തു.
പൊന്നാങ്കയം സ്വദേശിയായ കാനാട്ട് രഘുലാൽ എന്ന ആളുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്, എട്ടോളം വലിയ കെട്ടുകളിൽ സൂക്ഷിച്ച മുണ്ടുകളും, നൈറ്റികളും പോലീസ് പിടിച്ചെടുത്തു തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വലിയ കണ്ടെയ്നറിൽ വിതരണത്തിന് എത്തിച്ച മുണ്ടുകളും, നൈറ്റികളും, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ചെറിയ വാഹനത്തിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും പ്രവർത്തകരാണ്, വാഹനത്തെ പിന്തുടർന്ന് പോലീസിൽ അറിയിച്ചത്.
തുണിത്തരങ്ങൾ കൊണ്ടുവന്ന കണ്ടെയ്നർ വാഹനം കണ്ടെത്താൻ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബിജെപി പ്രാദേശിക നേതാക്കളായ സിബി, സജീവൻ മഠത്തിൽ, എന്നിവരാണ് തുണിത്തരങ്ങൾ വീട്ടിൽ കൊണ്ടുവന്നു വെച്ചതെന്നും, തുണിത്തരങ്ങളുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല എന്നും വീട്ടുടമ രഘുലാൽ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.