പായിപ്പാട് സംഭവം; ബംഗാൾ സ്വദേശി അറസ്റ്റിൽ. ഗൂഡാലോചന ഉണ്ടെന്ന് കോട്ടയം എസ് പി

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി കോട്ടയം എസ് പി. ജി ജയദേവ്. പ്രതിഷേധം ആസൂത്രിതമാണെന്നാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ മനസ്സിലായി.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
മുഹമ്മദ് റിഞ്ചുവിന്റെ ഫോണിൽ നിന്ന് മറ്റ് തൊഴിലാളികളുടെ ഫോണിലേയ്ക്ക് നിരവധി തവണ കോളുകൾ പോയിട്ടുണ്ട്. തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളുടെ കോളിന് ശേഷമാണ് പായിപ്പാടേയ്ക്ക് തൊഴിലാളികൾ സംഘടിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് താന്‍ തന്നെ മേല്‍നോട്ടം വഹിക്കും. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.അന്വേഷണപുരോഗതി വിലയിരുത്തി വരികയാണെന്നും എസ് പി ജയദേവ് അറിയിച്ചു.
സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി തിലോത്തമനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ പൊലീസ് റെയ്ഡ് നടത്തി.






