Puthuppady

41.86 കോടിയുടെ വാർഷികബജറ്റുമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്

പുതുപ്പാടി : 41.86 കോടി രൂപയുടെ വരവും 41.57 കോടി രൂപ ചെലവും 29.39 ലക്ഷം രൂപ മിച്ചവുമുള്ള വാർഷികബജറ്റുമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം കൃഷി, മലയോര റോഡ് വികസനം, ശുചിത്വം, കായിക-ആരോഗ്യ മേഖല, ഭവനപുനരുദ്ധാരണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ഷിജു ഐസക് അവതരിപ്പിച്ചത്.

തൊഴിലുറപ്പുപദ്ധതി ഫണ്ട് ഉൾപ്പെടെ വകയിരുത്തി റോഡ് വികസനത്തിന് 5.5 കോടി വകയിരുത്തിയ ബജറ്റിൽ കാർഷികമേഖലയിലെ വികസനത്തിനും ഉത്പാദനമേഖലയ്ക്കുമായി 1.87 കോടി രൂപ നീക്കിവെച്ചു. പഞ്ചായത്തിൽ കൊട്ടാരക്കോത്ത്, കുഞ്ഞുകുളം എന്നിവിടങ്ങളിൽ പുതിയ കളിസ്ഥലങ്ങൾ നിർമിക്കുന്നതിനായി 60 ലക്ഷം രൂപ വകയിരുത്തി. കെട്ടിടങ്ങൾ, കുടിവെള്ളം, ജംഗമവസ്തുക്കൾ എന്നീ ആസ്തി നിർമാണത്തിനായി രണ്ടുകോടി രൂപയും റോഡിതര ആസ്തിസംരക്ഷണത്തിന് 68 ലക്ഷം രൂപയും വകയിരുത്തി. വിവിധ കാർഷികമേഖലകൾ, കുടിവെള്ളപദ്ധതികൾ, വനിത-ശിശു വികസനം, ഭിന്നശേഷിക്ഷേമം, വയോജനക്ഷേമം, ദാരിദ്ര്യലഘൂകരണം, അഗതി ക്ഷേമപരിപാടികൾ, അങ്കണവാടികളുടെ നവീകരണം, ഉറവിട മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

ഈങ്ങാപ്പുഴയിൽ പബ്ലിക് സ്ക്വയർ, അടിവാരം ബസ് സ്റ്റാൻഡ് നവീകരണം, ചുരംപാതയിൽ യാത്രികർക്ക് വിശ്രമകേന്ദ്രമൊരുക്കൽ, സ്ത്രീകൾക്കായി ഷീഷെൽട്ടർ സ്ഥാപിക്കൽ, മഹാത്മാഗാന്ധി ചുരം സന്ദർശിച്ചതിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചുരത്തിൽ സ്മാരകനിർമാണം എന്നിവയും ബജറ്റ് ലക്ഷ്യമിടുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് അധ്യക്ഷയായി. ആയിഷക്കുട്ടി സുൽത്താൻ, ബീന തങ്കച്ചൻ, ഷംസീർ പോത്താറ്റിൽ, മോളി ആന്റോ, ഷംസു കുനിയിൽ, റംല അസീസ്, ജിജി, അജിത്ത്, കെ.ജി.ഗീത, എം.കെ. ജാസിൽ, ബിജു തോമസ്, ആയിഷ ബീവി, അമൽ രാജ്, അമ്പടു ഗഫൂർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button