സംസ്ഥാനപാത നവീകരണം; :മുക്കത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണപ്രവൃത്തിയുടെ ഭാഗമായി മുക്കത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതോടെ പി.സി. ജങ്ഷനിലും വെസ്റ്റ് മാമ്പറ്റയിലും ഗതാഗതക്കുരുക്ക് അതിരൂക്ഷം. മുക്കത്തുനിന്ന് അഗസ്ത്യൻമുഴിവഴി കോഴിക്കോട്ടേക്കും താമരശ്ശേരിക്കും പോകേണ്ട വാഹനങ്ങൾ പൂർണമായും പി.സി. ജങ്ഷനിലൂടെ വെസ്റ്റ് മാമ്പറ്റയിലേക്ക് തിരിച്ചു വിടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
പി.സി. ജങ്ഷൻ – വെസ്റ്റ് മാമ്പറ്റ ബൈപ്പാസിന് പലയിടത്തും വീതികുറവായതിനാൽ എതിർദിശയിൽ വലിയവാഹനങ്ങൾ വരുന്നതോടെ ഗതാഗതം തടസ്സപ്പെടും. നിയന്ത്രിക്കാൻ അങ്ങാടികളിൽ ആവശ്യത്തിന് പോലീസുകാർ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും കുരുക്കിൽ അകപ്പെടുന്നുണ്ട്. എത്രയും വേഗം റോഡ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കണമെന്ന് യാത്രക്കാർ പറയുന്നു.
പി.സി. ജങ്ഷൻ – വെസ്റ്റ് മാമ്പറ്റ ബൈപ്പാസിൽ കൈയിട്ടാപ്പൊയിലിനും വെസ്റ്റ് മാമ്പറ്റയ്ക്കും ഇടയ്ക്ക് റോഡിന് വീതികുറവാണ്. താമരശ്ശേരി, തിരുവമ്പാടി ഭാഗത്തേക്കുള്ള വലിയവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൈയിട്ടാപ്പൊയിലിൽനിന്ന് മാമ്പറ്റ വഴി തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നും നാട്ടുകാർ പറയുന്നു. നിലവിൽ, ചെറിയ വാഹനങ്ങൾമാത്രമാണ് ഇതുവഴി മാമ്പറ്റയിലേക്ക് കടത്തിവിടുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വൺവേയായി പ്രഖ്യാപിച്ചിട്ടുള്ള കൈയിട്ടാപൊയിൽ – മാമ്പറ്റ റോഡിൽ നിയന്ത്രണം ലംഘിച്ച് ഇരുവശത്തുനിന്നും വാഹനങ്ങൾ പ്രവേശിക്കുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
അഭിലാഷ് ജങ്ഷനിലും അഗസ്ത്യൻമുഴിയിലും ഡിവൈഡർ സ്ഥാപിച്ചാണ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോഴിക്കോട് ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വെസ്റ്റ് മാമ്പറ്റയിൽനിന്ന് തിരിഞ്ഞ്, ബൈപ്പാസ് വഴി പി.സി. ജങ്ഷനിലേക്കും മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ളവ ഇതേറൂട്ടിൽ തന്നെ തിരിച്ചുമാണ് പോകുന്നത്.
മുക്കത്തുനിന്ന് താമരശ്ശേരി, തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന ചെറിയവാഹനങ്ങൾ കൈയിട്ടാപൊയിൽ മാമ്പറ്റ അഗസ്ത്യമുഴിറൂട്ടിൽ വൺവേയായി പോകാനും വലിയവാഹനങ്ങൾ വെസ്റ്റ് മാമ്പറ്റയിൽനിന്നുതിരിഞ്ഞ് മാമ്പറ്റ അഗസ്ത്യമുഴി വഴി പോകാനും തിരിച്ചുവരുന്ന വാഹനങ്ങൾ ഇതേക്രമത്തിൽ തിരിച്ചുവിടാനുമാണ് നിർദേശം.







