IndiaLocal

രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കും, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ അടുത്ത മാസം നടത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി രമേഷ് പൊഖ്രിയാല്‍ ഇക്കാര്യം അറിയിച്ചത്. കൊറോണ പടര്‍ന്നുപിടിച്ചതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23മുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 15-നുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് മന്ത്രിയുടെ പരാമര്‍ശം.

ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെയും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

Related Articles

Leave a Reply

Back to top button