Mukkam

പാട്ടു വണ്ടിയുമായി കക്കാട് സ്‌കൂളിലെ മഴത്തുമ്പികൾ; ആവേശമാക്കി രക്ഷിതാക്കളും നാട്ടുകാരും

മുക്കം : പാടിയും പറഞ്ഞും നൃത്തച്ചുവടുകളുമായി കക്കാട് ജി.എൽ.പി സ്‌കൂളിലെ കരുന്നുമക്കളുടെ പാട്ടുവണ്ടി ഹൃദ്യമായി. വയനാട് എം.പി രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് സ്‌കൂളിനായി ബസ് അനുവദിച്ചതിലുള്ള സന്തോഷം അറിയിച്ചും സ്‌കൂളിന്റെ സ്വപ്‌ന പദ്ധതികൾ വിശദീകരിച്ചുമായിരുന്നു യാത്ര. അറിവിന്റെയും അനുഭവങ്ങളുടെയും വർണങ്ങളുടെയും പുതിയ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്തുള്ള യാത്രയ്ക്ക് നാടിന്റെ മുക്കുമൂലകളിൽ പ്രൗഢമായ വരവേൽപ്പാണ് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ലഭിച്ചത്. മിഠായിയും മധുര പലഹാരങ്ങളും പായസവും നൽകി വിവിധ കേന്ദ്രങ്ങളിൽ കുടുംബാംഗങ്ങളും നാട്ടുകാരും കുട്ടികളെയും അധ്യാപകരെയും യാത്രാംഗങ്ങളെയും സ്വീകരിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ഗ്രാമ പഞ്ചായത്ത് അംഗം എടത്തിൽ ആമിന, മുൻ മെമ്പർ ജി അബ്ദുൽ അക്ബർ, സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, പി.ടി.എ മുൻ പ്രസിഡന്റ് ഷുക്കൂർ മുട്ടാത്ത്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി സലീം മാസ്റ്റർ വലിയപറമ്പ്, ചെറുവാടി അൽബനാത്ത് കോളജ് മാനേജർ കെ മുഹമ്മദ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ കെ ലുഖ്മാൻ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ബീഗം ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ, അധ്യാപകരായ ജി ഷംസു മാസ്റ്റർ, ഷാക്കിർ പാലിയിൽ, റഹീം മാസ്റ്റർ വലിയപറമ്പ്, റിട്ട. എച്ച്.എം പി സാദിഖലി മാസ്റ്റർ, കെ.പി അസയിൻ തുടങ്ങിയവർ സംസാരിച്ചു. അഷ്‌റഫ്‌ കെ.സി, ഗീതു ടീച്ചർ മുക്കം, ഹബീബ ടീച്ചർ, നൗഷാദ് വി, ശാമില എം, സലീന മഞ്ചറ, ഷബ്‌ന, ഷാഹിന തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. ശക്തമായ മഴയിലും ഇടവേളകളിലെ ചോർച്ചകളിലും ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് പാട്ടുവണ്ടിയുമായി കുട്ടികളും അവരെ സ്വീകരിക്കാൻ ജനക്കൂട്ടവും വിവിധ കേന്ദ്രങ്ങളിലേക്ക് പ്രവഹിച്ചത്.

പാഠ്യ – പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച ചുവടുകളുമായി മുന്നോട്ടു കുതിക്കുന്ന സ്‌കൂളിനായി കണ്ടോളിപ്പാറയിൽ പണിയുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തികൾ തകൃതിയായി നടന്നുവരികയാണ്. മൂന്നു കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക പ്ലാൻ ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. അതിന്റെ പേപ്പർ വർക്കുകൾ അന്തിമ ഘട്ടത്തിലാണ്. 1957-ൽ സ്ഥാപിച്ച സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനാണ് പി.ടി.എയും നാട്ടുകാരും ശ്രമിക്കുന്നത്. കേരളത്തിലെ ഒരു സർക്കാർ – സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് വർഷം തോറും കക്കാട് സ്‌കൂളിൽ വിതരണം ചെയ്യുന്നത്. പഠനത്തിലും കലാ – കായിക മേഖലകളിലും മികവ് പുലർത്തുന്ന അമ്പത് വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം അര ലക്ഷം രൂപയാണ് എല്ലാ വർഷവും സ്‌കൂൾ വാർഷികത്തിൽ സമ്മാനിക്കുന്നത്. ഇതിന് പുറമെ, ശുചിത്വത്തിൽ ഏറ്റവും മികച്ച ക്ലാസായി തെരഞ്ഞെടുപ്പെടുന്ന ഡിവിഷനിലെ മുഴുവൻ കുട്ടികൾക്കുമായി അയ്യായിരം രൂപയുടെ പഠനോപകരണങ്ങളും സ്‌കൂൾ നൽകി വരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവയ്ക്കുന്ന സ്‌കൂളിലേക്ക് വർണക്കൂടാരം പദ്ധതിക്കായുള്ള 75 ശതമാനം ഫണ്ടും ഇതിനകം ലഭ്യമായിട്ടുണ്ടെങ്കിലും അതിന്റെ പണി ആരംഭിച്ചിട്ടില്ല. മൂന്നു കോടിയുടെ ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് മെട്രോ ട്രെയിൻ മാതൃകയിൽ വർണക്കൂടാരം പദ്ധതിയും യാഥാർത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ, കുട്ടികൾക്ക് കളിക്കാനായി ടർഫ്, നിലവിലുള്ള സ്‌കൂളും പണി പുരോഗമിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടവും പരസ്പരം ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് പണിത് അതിൽ സ്വിമ്മിംഗ് പൂൾ അടക്കം വിഭാവനം ചെയ്യുന്ന പദ്ധതിയും സ്‌കൂളിന്റെ മുന്നിലുണ്ട്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമുകൾ, കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്ക് മാർനിർദേശം നൽകാനായി ടാലന്റ് ലാബ് പദ്ധതി, ഫുട്ബാൾ പരിശീലനം, എൽ.എസ്.എസ് സ്‌പെഷ്യൽ ഡ്രൈവ് എന്നിവയും സ്‌കൂളിൽ നടന്നുവരുന്നു. പുതിയ ലോകവും കാലവും തേടുന്ന വിദ്യാഭ്യാസത്തിനൊപ്പം കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാവുംവിധം സ്‌കൂളിനെ പടുത്തുയർത്താനുള്ള ഊർജിത ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.

Related Articles

Leave a Reply

Back to top button