പൊതുജനങ്ങൾക്ക് ലൈബ്രറിയൊരുക്കി പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ

തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതുജനമധ്യത്തിലിറങ്ങി സമൂഹവായനയ്ക്ക് തുടക്കം കുറിച്ചു. പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണംചെയ്തു.
വിദ്യാർഥികൾതന്നെ പുസ്തക രജിസ്റ്റർ സൂക്ഷിക്കുകയും വിതരണംചെയ്യുകയും നിശ്ചിത ഇടവേളകളിൽ തിരികെ ശേഖരിക്കുകയുംചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തംഗം മേഴ്സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, ജയ്സൺ മണിക്കൊമ്പേൽ, ജോർജ് വണ്ടനാംതടത്തിൽ, ഷൈജു മുണ്ടയ്ക്കൽ, ലിജോ കുന്നേൽ എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകളിൽ വായാനവാരാഘോഷത്തിന് തുടക്കമായി. ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ റോയി ജോസ്, ആഗ്ന യാമി, സി. ഷൈനി മാത്യു, എൻ. കൃഷ്ണപ്രിയ, എൻ.ജെ. ദീപ, ഡെറിക് ടോം ജെസ്വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ സംസാരിച്ചു. പൊന്നാങ്കയം എസ്.എൻ.എം. എ.എൽ.പി. സ്കൂളിൽ കവി സി. കാളിയാമ്പുഴ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി. റാണി, സോണി മണ്ഡപത്തിൽ, ഗിരി പാമ്പനാൽ, ശില്പാ സുരേഷ് ബാബു, എ.ടി. രശ്മി, പി.എസ്. അജയ് എന്നിവർ സംസാരിച്ചു.







