മലയോരത്ത് മുപ്പതിലേറെ ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങൾ
തിരുവമ്പാടി : താമരശ്ശേരി താലൂക്കിൽപ്പെട്ട മലയോരപഞ്ചായത്തുകളിൽമാത്രം മുപ്പത് സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ പട്ടികയിൽ. കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിൽ, കൽപിനി, ആനയോട്, പനക്കച്ചാൽ, ഉദയഗിരി, പുന്നക്കടവ്, കൂമ്പാറ, ആനക്കല്ലുംപാറ, തിരുവമ്പാടി വില്ലേജിലെ മുത്തപ്പൻപുഴ, കരിമ്പ്, ആനക്കാംപൊയിൽ എന്നിവ പട്ടികയിലുണ്ട്.
കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയിൽ, മരുത്തിലാവ്, പുതുപ്പാടി വില്ലേജിലെ കാക്കവയൽ, കണ്ണപ്പൻകുണ്ട്, മണൽവയൽ, കാന്തലാട് വില്ലേജിലെ കുറുമ്പൊയിൽ, മാങ്കയം, ഇരുപത്തഞ്ചാം മൈൽ, ഇരുപത്താറാം മൈൽ, ചീടിക്കുഴി, കട്ടിപ്പാറ വില്ലേജിലെ മാവുള്ളപൊയിൽ, അമരാട്, ചമൽ, കരിഞ്ചോല, കൂടത്തായി വില്ലേജിലെ കണ്ണൻകോട്ടുമല, തേവർമല, കിഴക്കോത്ത് വില്ലേജിലെ പാലോർമല ശിവപുരം വില്ലേജിലെ തേനാംകുഴി, പനങ്ങാട് വില്ലേജിലെ വാഴോർമല എന്നിവിടങ്ങളും ഇതിനുപുറമേ കോഴിക്കോട് താലൂക്കിൽപ്പെട്ട കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങളിലും ഉരുൾപൊട്ടൽഭീഷണി നിലനിൽക്കുന്നുണ്ട്.
തിരുവമ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, സ്ഥിരംസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ മഞ്ജു ഷിബിൻ, കെ.എം. ബേബി, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ധീൻ, തിരുവമ്പാടി വില്ലേജ് ഓഫീസർ കെ. കോമളാങ്കൻ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.