മണാശ്ശേരി ഇരട്ടക്കൊലപാതകം: പുതിയ കഥയുടെ ചുരുളഴിച്ച് പൊലീസ്…
മുക്കം∙ മണാശ്ശേരിയിൽ മാതാവിനെ കൊന്നു കെട്ടിത്തൂക്കുകയും കൊലപാതകത്തിനു സഹായിച്ച വാടകക്കൊലയാളിയെ പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ബിർജു പിതാവിന്റെ ആത്മഹത്യക്കും കാരണക്കാരനായതായി പൊലീസ്. ബിർജുവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് പിതാവ് പാലിയിൽ വാസു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
35 വർഷം മുൻപ് 1984 നവംബർ 17 ന് ആയിരുന്നു വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപതിലേറെ ഏക്കർ സ്ഥലമുണ്ടായിരുന്ന വാസു കട ബാധ്യതയെ തുടർന്നു സ്ഥലം വിൽക്കാൻ ഒരുങ്ങിയപ്പോൾ ബിർജു എതിർത്തതായും മാനസികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ശല്യം സഹിക്കവയ്യാതെ ബിർജുവിന്റെ പേരിൽ സ്വത്ത് റജിസ്റ്റർ ചെയ്ത് നൽകാൻ റജിസ്ട്രാർ ഓഫിസിൽ എത്താൻ പറഞ്ഞ ദിവസമാണ് വാസു മരിച്ചത്.
ബിർജുവിന്റെ മാതാവ് ജയവല്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താമരശ്ശേരി കോടതിയിൽ പൊലീസ് റിമാൻഡ് റിപ്പോർട്ടും സമർപ്പിച്ചു. ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന വണ്ടൂർ സ്വദേശി ഇസ്മയിലിന്റെ സഹായത്തോടെയായിരുന്നു സ്വത്തിനു വേണ്ടിയുള്ള കൊലപാതകം. ഇതു സംബന്ധിച്ച ഗൂഢാലോചന നടന്ന ചായക്കടയിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
News From Manorama
https://www.manoramaonline.com/district-news/kozhikode/2020/04/20/kozhikode-mukkam-murder-case.html







