കെഎസ്ആർടിസി സർവീസ് നിർത്തി; യാത്രക്കാർ ദുരിതത്തിൽ

മുക്കം: പുലർച്ചെ അഞ്ചിന് കൊടിയത്തൂരിൽ നിന്നു പുറപ്പെട്ടിരുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് സർവീസ് നിറുത്തിയത് ഒട്ടേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊടിയത്തൂർ, കക്കാട്, കാരശ്ശേരി, മുക്കം ഭാഗങ്ങളിൽനിന്ന് ഒട്ടേറെയാളുകൾ ആശ്രയിച്ചു കൊണ്ടിരുന്ന ബസ്, മാസങ്ങളായി സർവീസ് നടത്തുന്നില്ല.
നാട്ടുകാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് അനുവദിച്ച കൊടിയത്തൂർ -കോഴിക്കോട് ബസ്, രാത്രി പത്തിന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്നത് മലയോര മേഖലയിലുള്ളവർക്ക് ഏറെ ഉപകാരമായിരുന്നു.
ബസ് ജീവനക്കാർക്ക് നാട്ടുകാർ താമസ സൗകര്യം വരെ ഒരുക്കിയിരുന്നു. മാസങ്ങളായി മുടങ്ങി കിടക്കുന്ന ബസ് സർവീസ് ഉടനെ പുനരാരാംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുലർച്ചെ അഞ്ചിനു ശേഷം രാവിലെ 8.10നു കൊടിയത്തൂരിൽ നിന്നും 3.40, 5.00,രാത്രി പത്ത്, എന്നിങ്ങനെ കോഴിക്കോട് നിന്നുമായിരുന്നു സർവീസ് നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള രോഗികളും പരിചാരകരും വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ദീർഘദൂര യാത്രക്കാരുമായി ഒട്ടേറെയാളുകൾ ഇതിനെ ആശ്രയിച്ചിരുന്നു







