ഓഗസ്റ്റില്‍ അതിവര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്: വെള്ളപ്പൊക്കത്തെ നേരിടാന്‍ അടിയന്തര തയ്യാറെടുപ്പ് നടത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണയില്‍ കൂടുതലാകും. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര തയ്യാറെടുപ്പ് നടത്തും. ഏത് മോശം സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കേണ്ടിവരും.
കോവിഡിനെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്.
വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈന്‍ സംവിധാനത്തിനായി 27000 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ രണ്ടര ലക്ഷം മുറികള്‍ ശുചിമുറിയുള്ളതാണ്. ഇതിന് സമാന്തരമാണ് വെള്ളപ്പൊക്കത്തിനെ നേരിടാനുള്ള വെല്ലുവിളി. ഏത് മോശമായ സാഹചര്യത്തെയും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ. സന്നദ്ധം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.
കോവിഡ് 19 ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച് പാര്‍പ്പിക്കാനാവില്ല. നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റീനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം. ഇത്തരത്തില്‍ നാല് വിഭാഗം കെട്ടിടം വേണ്ടിവരും എന്ന് മുഖ്യമന്ത്രി പറഞ്ഞു.







