ഉജ്ജ്വലബാല്യം പുരസ്കാരം ആഗ്നയാമി ഏറ്റുവാങ്ങി

മുക്കം : സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂളിലെ കുഞ്ഞുകവയിത്രി മൂന്നാംക്ലാസ് വിദ്യാർഥിനി ആഗ്നയാമി ഏറ്റുവാങ്ങി. തിരുവനന്തപുരം പാളയം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് പുരസ്കാരം സമ്മാനിച്ചു.
അസാധാരണകഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്ന പുരസ്കാരമാണ് ആഗ്നയാമി സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കവയിത്രിക്കുള്ള അംഗീകാരം നേടിയിട്ടുള്ള ആഗ്നയാമി മുപ്പത് കവിതകളടങ്ങിയ കവിതാസമാഹാരവും ‘പെൻസിലും ജലറാണിയും’ എന്ന പേരിൽ കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.പതിന്നാലോളം ഭാഷകൾ വായിക്കാൻ സാധിക്കുന്ന ആഗ്നയാമിക്ക് ഒട്ടേറെ ദേശീയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഉജ്ജ്വലബാല്യം പുരസ്കാരം ഏറ്റുവാങ്ങി സ്കൂളിലെത്തിയ ആഗ്നയാമിക്ക് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷനായി.







