പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം. വിളകൾ വ്യാപകമായി നശിപ്പിച്ചു. ചേനാട്ട്കുഴിയിൽ സത്താറിന്റെ വാഴ, ജാതി, കമുക്, കപ്പ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
പോക്കാട്ട് സൈതലവിയുടെ വാഴ ഉൾപ്പെടെയുള്ള വിളകളും ഇരുമ്പുകുഴിയിൽ ബെന്നിയുടെ കപ്പക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പറമ്പാകെ ചവിട്ടിമെതിച്ചിട്ടനിലയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് ആനകൾ എത്തിയത്. വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടത്തെ കണ്ട് സത്താറിന്റെ കുടുംബം അമ്പരന്നു.
ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തിയത് നാട്ടുകാരിൽ ഭീതിപടർത്തിയിരിക്കുകയാണ്. ലിന്റോ ജോസഫ് എംഎൽഎ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർമാരായ സീനാ ബിജു, ബിന്ദു ജയൻ തുടങ്ങിയവർ സ്ഥലംസന്ദർശിച്ചു. വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഓഫീസർ പി. സുബീറിന്റെ നേതൃത്വത്തിൽ നിരീക്ഷണമേർപ്പെടുത്തി. അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് സ്ഥലംസന്ദർശിച്ച ആർജെഡി നേതാക്കൾ ആവശ്യപ്പെട്ടു. പി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജോളി പൊന്നംവരിക്കയിൽ, ജോജി മേലാട്ട്, അരുൺ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലംസന്ദർശിച്ചത്.







