Kodanchery
പറപ്പറ്റ പാലത്തിന്റെ സമീപം റോഡിലുള്ള കരിങ്കല്ലുകൾ മാറ്റണം പ്രദേശവാസികൾ

കോടഞ്ചേരി: പറപ്പറ്റ ചെമ്പ്കടവ് റോഡിൽ പുതിയ പാലം നിർമ്മിച്ചപ്പോൾ പാലത്തിന്റെ മറുകരയിൽ അപ്പ്രോച്ച് റോഡ് നിർമിക്കാനായി കുറച്ചധികം കരിങ്കല്ലുകൾ പൊട്ടിച്ചിരുന്നു. ഇത് പാലത്തിന് സമീപം റോഡിന്റെ ഒരു ഭാഗത്ത് കൂട്ടി ഇട്ടിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗത്തോളം കരിങ്കല്ലുകൾ കിടക്കുന്നതിനാൽ സ്കൂൾ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഈ കരിങ്കല്ലുകൾ എത്രയും പെട്ടെന്ന് ഇവിടെനിന്ന് നീക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഈ കരിങ്കല്ലുകൾ ഇവിടെ നിന്ന് നീക്കുവാൻ രണ്ട് പ്രാവശ്യം ടെൻഡർ നടത്തിയിട്ടും കല്ല് എടുക്കുവാൻ ആളില്ലാത്ത അവസ്ഥയാണ്. നാട്ടുകാരുടെ ചിരകാല സ്വപ്നമായ പറപ്പറ്റ പുതിയ പാലത്തിന്റെ പണി പൂർത്തിയായിട്ടും ഈ കരിങ്കല്ലുകൾ ഒരു തടസ്സമായി നിലനിൽക്കുകയാണ്.







