Kodanchery

‘പെയിൻ & പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് ‘ നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ സർവ്വീസ് നടത്തി. പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം പങ്കാളികളായ വിദ്യാർത്ഥികൾക്ക് രോഗീപരിചരണമൊരു നവ്യാനുഭവമായി മാറി. ഡോക്ടർ, നഴ്സ്, സുമനസ്സുകളായ പാലിയേറ്റീവ് പ്രവർത്തകർ എന്നിവരടങ്ങിയ സംഘം കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ അവശതയനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വീടുകളിൽ നേരിട്ടെത്തി സാന്ത്വന പരിചരണം നടത്തി വരുന്നു. ഫിസിയോതെറാപ്പി, കമ്യൂണിറ്റി സൈക്യാട്രിക് ചികിത്സകളിലൂടെ മാനസ്സിക – ശാരീരീക ക്ഷമത വീണ്ടെടുക്കുന്നതിനും അതു വഴി ആബാലവൃദ്ധം ‘ജനങ്ങൾക്ക് ആരോഗ്യം നിലനിർത്താനും, വേദന നിയന്ത്രിക്കാനും, രോഗങ്ങൾ തടയാനും സഹായിക്കുന്നു.

പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾ നമ്മുടെ നാടിൻ്റെ ആവശ്യമായി മാറിയിരിക്കുകയാണ്. രോഗത്തെ അതിജീവിച്ച ശേഷം രോഗിയും കുടുംബവും നേരിടുന്ന ശാരീരികവും സാമൂഹികവും മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾക്ക് പരിഹാരം ഇനിയും ഏറെ അകലെയായിരിക്കെ… അവർക്ക് ആശ്വാസമേകിക്കൊണ്ടാണ് കോടഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തിക്കുന്നത്.
ഗൈഡ്സ് വിദ്യാർത്ഥികളായ അനഘ എ എസ്,അനാമിക എ എസ്,ഡെൽന മനോജ്, അലീന മരിയ സാൻജോ, ആൻസ്റ്റീന ജോബി എന്നിവർ ഇത്തവണ ഹോം കെയർ സർവ്വീസിൽ പങ്കാളികളായി.

പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ, കഴിഞ്ഞ 20 വർഷത്തോളമായി,കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ യാതനയനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ചേർന്ന് സാന്ത്വന പരിചരണം നടത്തി ആശ്വാസം പകരുകയാണ്.
നാല് വർഷത്തോളമായി ഹയർ സെക്കണ്ടറി സ്കൂളിൽ, എല്ലാ മാസവും പെയിൻ & പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം നേതൃത്വം നൽകി വരികയാണ്. സഹജീവികളുടെ വേദന തിരിച്ചറിഞ്ഞ് അവർക്ക് ആശ്വാസവും,സാന്ത്വനവും നൽകുമ്പോഴാണ് മനുഷ്യർ സാമൂഹ്യ ജീവികളായി മാറുന്നത്. സ്നേഹവും, നന്മയും വറ്റിപ്പോകാത്ത മറ്റുള്ളവരോട് നന്നായി പെരുമാറാനറിയുന്ന ഒരു പറ്റം നല്ല മനുഷ്യർ ഇന്നും നമുക്കൊപ്പം തന്നെയുണ്ട് എന്നതിന് തെളിവാണ് ഈ പ്രവർത്തനങ്ങൾ.അവരോടൊപ്പം നമുക്കും പങ്കാളികളാവാം.

Related Articles

Leave a Reply

Back to top button