സിപിഎം കാപട്യം പൊതുജനം തിരിച്ചറിയണം യുഡിഎഫ്

കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും പഞ്ചായത്ത് രാജ് സംവിധാനത്തെ അട്ടിമറിക്കാൻ പഞ്ചായത്ത് ഫണ്ടുകൾ വെട്ടി കുറക്കുകയും പഞ്ചായത്തിന്റെ അധികാരം കവർന്നെടുക്കാൻ അനവധി നിയമനിർമാണങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടും ഇതിനെ മറികടന്ന് കോടഞ്ചേരി പഞ്ചായത്തിലെ വികസന നേട്ടങ്ങളിലും ജനക്ഷേമ പദ്ധതികളിലും വിളറി പൂണ്ട സിപിഎമ്മും ഇടതുപക്ഷവും ത്രിതല പഞ്ചായത്ത് ഇലക്ഷൻ മുന്നിൽക്കണ്ട് നടത്തുന്ന സമരാഭാസങ്ങളെ പൊതുജനങ്ങൾ തള്ളിക്കളയണമെന്ന് കോടഞ്ചേരി മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു.
പഞ്ചായത്തുകളുടെ വികസന പ്രവർത്തനം നടക്കുന്ന സമയങ്ങളിൽ ട്രഷറി നിയന്ത്രണം കൊണ്ടുവന്ന് കരാറുകാരുടെ കുടിശിക നൽകാതെയും സേവന മേഖലയിലെ പദ്ധതികൾ അട്ടിമറിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജന വഞ്ചനയുടെ ജാളിയത മറച്ചുവെക്കാനാണ് സിപിഎം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് എന്ന് യോഗം ആരോപിച്ചു.സിപിഎമ്മിലെ വിഭാഗീയതയും സ്വജനപക്ഷപാതവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം നൽകിയ പരാതി അന്വേഷിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി മെമ്പർ ടെന്നിസൺ ചാത്തൻകണ്ടം, കെ എം ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട്ട് മല, അബ്ദുൽ കഹാർ, റോയി കുന്നപ്പള്ളി, ജോസ് പൈക, ആന്റണി നീർവേലി, ഫ്രാൻസിസ് ചാലിൽ, അന്നക്കുട്ടി ദേവസ്യ, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ,റെജി തമ്പി, ലിസി ചാക്കോ,ചിന്ന അശോകൻ, ബേബി കളപ്പുര, വാസുദേവൻ കാലായിൽ എന്നിവർ പ്രസംഗിച്ചു.







