യുഡിഎഫ് നടത്തിയ മുക്കം നഗരസഭാ മാർച്ചിൽ സംഘർഷം

മുക്കം : മുക്കം നഗരസഭയിൽ വോട്ട് അട്ടിമറി ആരോപിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ആയിരത്തിലധികം യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നീക്കംചെയ്യാനുള്ള ശ്രമം നടക്കുന്നതായി സമരക്കാർ പറഞ്ഞു. മാർച്ചും ധർണയും മുസ്‌ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറ്് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
ചില ഉദ്യോഗസ്ഥർ സിപിഎം നേതാക്കളോടൊപ്പം പരസ്യമായി വീടുകളിൽ കയറി അവർക്കനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുന്നതായി സി.കെ. കാസിം പറഞ്ഞു. ഇതിന്റെ തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ധർണയിൽ യുഡിഎഫ് ചെയർമാൻ എം. മധു അധ്യക്ഷനായി.
കൺവീനർ എ.എം. അബൂബക്കർ, നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി, ബി.പി. റഷീദ്, ചന്ദ്രൻ കപ്പിയേടത്ത്, എം.കെ. മമ്മദ്, ഷെരീഫ് വെണ്ണക്കോട്, എം.കെ. യാസർ, പി.വി. അബ്ദുൾസലാം, പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മാർച്ചിന് കെ.കെ. റുബീന, കൃഷ്ണൻ വടക്കയിൽ, എം.കെ. കണ്ണൻ, ശിവരാമൻ ശ്രീനിലയം, മുനീർ മുത്താലം, ഷറഫുദീൻ, ഒ.കെ. ബൈജു, ശ്യാംബാബു, സന്ദീപ് വാഴക്കാടൻ എന്നിവർ നേതൃത്വം നൽകി







