പൂവാറൻതോട്, ഓളിക്കൽ ജലവൈദ്യുതപദ്ധതികൾ യാഥാർഥ്യത്തിലേക്ക്

തിരുവമ്പാടി : മലയോരത്ത് സംസ്ഥാന വൈദ്യുതിവകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾകൂടി വരുന്നു. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുത പദ്ധതികളുടെ നിർമാണപ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. ഇരുപദ്ധതികളുടെയും പവർഹൗസ്, പെൻസ്റ്റോക്ക് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇതൊഴികെ ബാക്കിയുളള പ്രവൃത്തികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. അഞ്ചുമാസത്തിനകം പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പൊയിലിങ്ങാപ്പുഴയിലാണ് ഇരു പദ്ധതികളും.
അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഓളിക്കൽ പദ്ധതി. 10.26 മില്യൻ യൂണിറ്റാണ് വാർഷികോത്പാദനം ലക്ഷ്യമിടുന്നത്. തിരുവമ്പാടി പഞ്ചായത്തിലാണ് ഓളിക്കൽ പദ്ധതി. തൊട്ടരികെ കൂടരഞ്ഞി പഞ്ചായത്തിലാണ് പൂവാറൻതോട് പദ്ധതി. മൂന്ന് മെഗാവാട്ട് വൈദ്യുതോത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. 5.88 മില്യൻ യൂണിറ്റാണ് വാർഷികോത്പാദനം പ്രതീക്ഷിക്കുന്നത്. 20.98 കോടി രൂപയാണ് ഓളിക്കൽ പദ്ധതിയുടെ സിവിൽജോലികളുടെ നിർമാണച്ചെലവ്. പൂവാറൻതോട് പദ്ധതിയുടേത് 21.59 കോടി രൂപയും. പിജിസിസി പിഎൽ-ആര്യ കോൺ കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇലക്ടോ മെക്കാനിക്കൽ ജോലികൾ കിർലോസ്‌കർ ബ്രദേഴ്‌സാണ് കരാർ ഏറ്റെടുത്തത്. 2023-ൽ ആണ് നിർമാണപ്രവൃത്തി ആരംഭിക്കുന്നത്. മൂന്നുവർഷമാണ് കരാർ കാലാവധി.







