കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ് എസിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ്ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 71ാം മത് വാർഷികവും, ദീർഘകാലത്തെ സേവനത്തിനു ശേഷം ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപിക എലിസബത്ത് ജോസഫിനുള്ള യാത്രയയപ്പ് സമ്മേളനവും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ബിനു ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളബിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയും സർവ്വീസിൽ നിന്നും വിരമിക്കുന്ന എലിസബത്ത് ടീച്ചർ ക്കുള്ള ഉപഹാരം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്, വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ,പിടിഎ പ്രസിഡണ്ട് ചാൾസ് തയ്യിൽ, എം.പിടിഎ പ്രസിഡണ്ട് അമ്പിളി ഷാജി ,സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ്, സ്കൂൾ ലീഡർ ഫാത്തിമ നൗറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക എലിസബത്ത് ജോസഫ് മറുപടി പ്രസംഗം നടത്തി.
അധ്യാപക പ്രതിനിധി സോണിയ തോമസ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് സിന്ധു ജോസഫ് ചടങ്ങിന് നന്ദി അർപ്പിച്ചു.പഠനം, കല, കായികം തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമന്റോ വിതരണം ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.







