താമരശ്ശേരി ചുരത്തിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു

അടിവാരം : താമരശ്ശേരി ചുരത്തിലെ റോഡ് തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ഏഴാം ഹെയർപിൻ വളവിന് മുകൾഭാഗം മുതൽ ലക്കിടിവരെയുള്ള ചുരം പാതാ ഭാഗത്തിന്റെ അറ്റകുറ്റപ്പണിയാണ് വ്യാഴാഴ്ചയോടെ പൂർത്തീകരിച്ചത്.
ഹെയർപിൻവളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ടമരങ്ങൾ ഏഴാംവളവിൽ നിന്ന് മുകളിലേക്കെത്തിച്ച് ലോറികളിലേക്ക് മാറ്റിക്കയറ്റുകയും ചെയ്തു. ഇരുപ്രവൃത്തിയുടെയും ഭാഗമായി വ്യാഴാഴ്ച പകൽ മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതിനാൽ പതിവ് വാഹനത്തിരക്ക് ഉണ്ടായില്ല. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരംവഴിയോ, കുറ്റിയാടി ചുരംവഴിയോ തിരിച്ചുവിടാൻ പൊതുമരാമത്തുവകുപ്പ് ദേശീയപാതാ വിഭാഗം നിർദേശംനൽകിയിരുന്നു.
റോഡ് നവീകരണപ്രവൃത്തിയും, മരംകയറ്റലും നടന്ന ഭാഗങ്ങളിലൂടെ ഒറ്റവരിയായാണ് പോലീസ് വാഹനങ്ങൾ കടത്തിവിട്ടത്. ഇതേത്തുടർന്ന് ഇരുദിശയിലും ഇടയ്ക്കിടെ ഗതാഗതക്കുരുക്ക് പ്രകടമായി. റോഡ് അറ്റകുറ്റപ്രവൃത്തി പൂർത്തീകരിച്ചെങ്കിലും ഏഴ്, ആറ് ഹെയർപിൻ വളവുകൾക്കരികിലെ പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ മാറ്റിക്കയറ്റുന്ന പ്രവൃത്തി വരുംദിവസങ്ങളിലും തുടരും.






