തിരുവമ്പാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി നടപ്പായില്ല

തിരുവമ്പാടി∙ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തയാറാക്കിയ മാസ്റ്റർ പ്ലാൻ രണ്ട് വർഷമായി ഫയലിൽ. ജോർജ് എം.തോമസ് എംഎൽഎ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 3.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തതിനാൽ ഫണ്ട് ഇല്ലാതാകുന്ന അവസ്ഥയാണ്.
2018ലും 19ലും ഉണ്ടായ പ്രളയത്തിൽ ടൗൺ ദിവസങ്ങളോളം വെള്ളത്തിൽ ആയിരുന്നു. കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സമീപ പ്രദേശങ്ങളിൽനിന്നുള്ള വെള്ളം മഴക്കാലത്ത് ടൗണിലേക്ക് എത്തുന്നത് ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാത്തതാണു വെള്ളക്കെട്ടിനും പ്രളയത്തിനും കാരണം.
ഇതിനുള്ള പരിഹാര പദ്ധതി ആണ് തയാറാക്കിയത്. പൊതുമരാമത്ത് എഇ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവേയർ ജോമോൻ ലൂക്കോസിനെയും സംഘത്തെയും ഈ കാര്യത്തിനു ചുമതലപ്പെടുത്തി. 15,000 രൂപ വ്യാപാരി ഏകോപന സമിതിയും 15,000 രൂപ പഞ്ചായത്തും നൽകാം എന്ന വ്യവസ്ഥയിലാണ് ഒരു മാസത്തോളം പഠനവും സർവേയും നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയത്. എന്നാൽ വ്യാപാരികൾ മാത്രമാണ് പണം നൽകിയത്.
ടൗണിൽ 5 കലുങ്കുകൾ നിർമിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മാസ്റ്റർ പ്ലാനിന്റെ പ്രധാന പദ്ധതി. കോഴിക്കോട് റോഡിൽ മുസ്ലിം പള്ളിക്കു സമീപത്തു കലുങ്ക് ഉണ്ടാക്കി പഴയ മാർക്കറ്റിന്റെ സമീപത്തുകൂടി പുതിയ ഓട സംവിധാനവും വേണം. ഇതിന് ഇവിടെയുള്ള പഴയ തോട് നവീകരിക്കണം. കോഴിക്കോട് റോഡ് – അമ്പലപ്പാറ ഭാഗത്തുള്ള വെള്ളം ഇതിലെ തിരിച്ചുവിടാൻ കഴിയും.
കൂടരഞ്ഞി റോഡിൽ ഇൻഫന്റ് ജീസസ് സ്കൂളിനു മുൻപിലും വ്യാപാര ഭവനു മുൻപിലും പുതിയ കലുങ്ക് ഉണ്ടാക്കണം. ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിലെ കലുങ്കിൽനിന്ന് ഹൈസ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തെ തോട്ടിലേക്ക് ഒഴുക്ക് തടസ്സപ്പെട്ടത് പുനഃസ്ഥാപിക്കണം. ബസ് സ്റ്റാൻഡിന്റെ സമീപത്തു കൂടി തോട്ടിലേക്കുള്ള പ്രധാന ഓട വീതി കൂട്ടണം. ഇവിടെ നിന്നുള്ള വെള്ളം കക്കുണ്ട് തോട്ടിലെത്തിക്കാൻ ഓട ഉണ്ടാക്കണം. ചർച്ച് റോഡിൽ എടിഎമ്മിന് മുൻപിലെ കലുങ്ക് വിപുലപ്പെടുത്തണം തുടങ്ങിയ പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നത്.
മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ നേതൃത്വം കൊടുത്ത എഇ സ്ഥലംമാറി പോയതോടെ പദ്ധതി തന്നെ ഇല്ലാതായ നിലയിലാണ്. കൈതപ്പൊയിൽ –തിരുവമ്പാടി– അഗസ്ത്യൻമൂഴി റോഡ് നവീകരണം നടക്കുന്നതിനാൽ മെയിൻ റോഡിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള ഒരു കാര്യവും നടപ്പാക്കുന്നില്ല. മറ്റ് റോഡുകളിലെ പണികളും സ്തംഭനത്തിലാണ്. ടൗണിൽ നിലവിലുള്ള ഓടകൾ തൽക്കാലം വൃത്തിയാക്കിയാലും വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വെള്ളക്കെട്ട് ഉണ്ടാകും.








