Kozhikode
വാക്ക് തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

നരിക്കുനി: പുല്ലാളൂരിൽ വാക്ക് തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഒരാളെ കാക്കൂർ പോലീസ് അറസ്റ്റുചെയ്തു. പുല്ലാളൂർ വെള്ളിയേടത്ത് മീത്തൽ പ്രബിൻരാജ് (28) ആണ് അറസ്റ്റിലായത്. പെയിന്റിങ് തൊഴിലാളിയാണ് ഇയാൾ.
വെള്ളിയേടത്ത് മീത്തൽ ഷമിയാണ് ഞായറാഴ്ച രാത്രി പുല്ലാളൂർ കടുകൻ വള്ളിത്താഴത്ത് കൊല്ലപ്പെട്ടത്. തുടയിൽ ആഴത്തിലുള്ള കുത്തേറ്റ് റോഡിൽ രക്തം വാർന്നുകിടക്കുന്ന നിലയിലായിരുന്നു ഷമി. നാട്ടുകാർ ഉടനെ മെഡിക്കൽ കോളാജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഫൊറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രബിൻ രാജിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ പി.എ. ഫൈസൽ, എസ്.ഐ. മാരായ അബ്ദുൽ സലാം, ജയരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.







