Koodaranji

ആഗോള ടൂറിസം ഭൂപടത്തിൽ കക്കാടംപൊയിലിനെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സി.കെ. കാസിം എം.എൽ.എ

കൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിലിൽ ടൂറിസം വികസനത്തിന് പദ്ധതിയുമായി സി.കെ കാസിം എം എൽ എ. ഇതിൻ്റെ ഭാഗമായികക്കാടംപൊയിലിന്റെ സമഗ്ര ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു.

കക്കാടം പൊയിൽ ടൂറിസം ഒർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആഗോളതലത്തിൽ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി കക്കാടംപൊയിലിനെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വലിയ വികസന പദ്ധതികൾ നടപ്പാക്കും. എന്നാൽ പ്രദേശത്തിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിക്കും ഒരു തരത്തിലും ദോഷം വരാത്ത രീതിയിലായിരിക്കും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.ഇതോടൊപ്പം ടൂറിസം വികസനത്തിന്റെ നേട്ടം പ്രദേശവാസികൾക്കും പ്രാദേശിക സംരംഭകർക്കും ലഭിക്കുന്ന തരത്തിൽ തദ്ദേശീയ സാമ്പത്തിക വികസനം കൂടി ലക്ഷ്യമാക്കിയുള്ള ടൂറിസം മാതൃകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായികക്കാടംപൊയിൽ–പൂവാറംതോട് റോഡ് വികസനം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ടൂറിസം സാധ്യതകൾ ഏറെ ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സംവിധാനങ്ങളുടെ വേണ്ടത്ര ശ്രദ്ധ കക്കാടംപൊയിലിന് ലഭിച്ചിട്ടില്ല.

റോഡ്, ഗതാഗതം, താമസ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും എം.എൽ.എ പറഞ്ഞു.കക്കാടംപൊയിലിനെ ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നവംബർ മാസത്തിൽ രണ്ട് ദിവസത്തെ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട് .ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികൾ, നിക്ഷേപകർ, ടൂറിസം മേഖലയിലെ വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ ദേശീയ-അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായി ട്രാവൽ മാർട്ടിനെ മാറ്റും.

കക്കാടംപൊയിലിന്റെ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര ടൂറിസം വികസനം സാധ്യമാക്കണം. അതോടൊപ്പം പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ-സംരംഭക അവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിലായിരിക്കണം കക്കാടംപൊയിലിന്റെ ഭാവി ടൂറിസം വികസനമെന്നും സി.കെ. കാസിം എം.എൽ.എ പറഞ്ഞു.

യോഗത്തിൽ സണ്ണി ചെമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ബോബി ഷിബു , ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീർ , ജോർജ് കുട്ടി കക്കാടം പൊയിൽ, ടെസ്സി സണ്ണി, നിസാറ ബീഗം, ഫാദർ ഡാന്റിസ് കിഴക്കരക്കാട്ട്, തങ്കച്ചൻ മാതാളിക്കുന്നേൽ, കെ.ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button