വർണപ്പേപ്പറുകളിൽ വിരിഞ്ഞ കുട്ടിപ്പൂങ്കാവനം; പേപ്പർ ക്രാഫ്റ്റിൽ മേരി നിവേദയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

തിരുവമ്പാടി : വിവിധതരം വർണപ്പേപ്പറുകൾക്ക് ജീവൻ നൽകി മനോഹരമായ കുട്ടിപ്പൂങ്കാവനം ഒരുക്കി സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് മേരി നിവേദ.
എച്ച്എസ് വിഭാഗം പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽ 24 തരം പൂക്കളും ചെടികളും നിറഞ്ഞ പൂന്തോട്ടം നിർമ്മിച്ചാണ് മേരി നിവേദ തൻ്റെ സർഗാത്മക മികവ് തെളിയിച്ചത്.ക്രെപ്പ്, ഫീനിക്സ്, വാർണിഷ്, വെൽവെറ്റ്, ചൈന, ടിഷ്യു, കാർബോ കളർ തുടങ്ങി വ്യത്യസ്തങ്ങളായ പേപ്പറുകൾ ഉപയോഗിച്ചാണ് ഈ മനോഹരമായ പൂന്തോട്ടം ഒരുക്കിയത്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മേരി നിവേദ.തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക ജോസ്നയുടെയും കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസിൻ്റെയും മകളാണ്. പ്രവർത്തിപരിചയ അധ്യാപകരായ ഷാഹിന ടീച്ചർ, സ്റ്റനി ടീച്ചർ എന്നിവരുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് ഈ നേട്ടത്തിന് പിന്നിൽ.







