താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ആറാം വളവിൽ നിലവിൽ ഒരു വരിയായി ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ സാധിക്കുന്നത്. വലിയ വാഹനങ്ങളോ മറ്റ് ബസ്സുകളോ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നിരവധി ദീർഘദൂര-ലോക്കൽ ബസ്സുകളും ചരക്കുവാഹനങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.
രാവിലെയുള്ള തിരക്കേറിയ സമയമായതിനാൽ ഓഫീസുകളിലേക്കും മറ്റ് തൊഴിലിടങ്ങളിലേക്കും പോകേണ്ട യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്.
ചുരത്തിലൂടെ കടന്നുപോകുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ, നടന്നുപോകുന്ന യാത്രക്കാരെ അടിവാരം ഭാഗത്തേക്കോ മുകൾ ഭാഗങ്ങളിലേക്കോ എത്തിക്കാൻ സഹായിക്കണമെന്ന് യാത്രക്കാർ അഭ്യർത്ഥിക്കുന്നു. ചുരത്തിലെ കുരുക്ക് പൂർണ്ണമായും അഴിയാൻ സമയമെടുക്കുമെന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കുക.







