മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊച്ചി മെട്രോയുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് ട്രെയിൻ, വാട്ടർ മെട്രോ, ഫീഡർ ബസ്, മെട്രോ ഓട്ടോ, സൈക്കിൾ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പുതിയ വെബ്സൈറ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയ സംഘത്തിലെ അംഗമായ അലൻ ഫിലിപ്പ് തൊട്ടുമണ്ണലിനെയും, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ അഞ്ജന എ.എസിനെയും ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും എം.എൽ.എ ആദരിച്ചു.
കേരളത്തിലെ സാധാരണക്കാർക്ക് എക്കാലത്തും താങ്ങും തണലുമായി നിലകൊണ്ടത് സഹകരണ പ്രസ്ഥാനങ്ങളാണെന്നും അവയുടെ വളർച്ചയും നിലനിൽപ്പും നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ അനഭിലഷണീയമായ പ്രവണതകൾക്കെതിരെ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് വി.ഡി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജുകുട്ടി കക്കാടംപൊയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, മുൻ ജനപ്രതിനിധികളായ ആൻ്റണി നീർവേലിൽ, സണ്ണി കിഴക്കരക്കാട്ട്, ഏലിയാമ്മ ജോർജ്, മേഴ്സി പുളിക്കാട്ട്, ടി.ജെ. കുരിയാച്ചൻ, സണ്ണി പെരികലം തറപ്പിൽ, ജംഷാദ് ഒളകര എന്നിവരും നിഷാബ് മുല്ലോളി, സമാൻ ചാലുളി, നിഷാദ് വിച്ചി, ടി.എം.എ. ഹമീദ്, ഷിനോയ് അടക്കാപ്പാറ, പി.ടി. ഹാരിസ്, സംഘം വൈസ് പ്രസിഡൻ്റ് റോബർട്ട് നെല്ലിക്ക തെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ശ്രീനിവാസൻ ടി.സി., അഡ്വ. സിബു തോട്ടത്തിൽ, ജോർജ് പറക്കുന്നത്ത്, ഷെറീന കിളിയെണ്ണി, ഫ്രാൻസിസ് സാലസ്, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. തുടങ്ങിയവരും സംസാരിച്ചു.







